Friday, June 29, 2012

ചങ്ങാതിപ്രാവ് ...

കുട്ടിക്കാലത്ത് യഥേഷ്‌ടം കണ്ടിരുന്ന കാഴ്ചയായിരുന്നു ഇല്ലത്തെ മേല്‍ക്കൂരയുടെ തണലില്‍ കൂടുകൂട്ടിയിരുന്ന പ്രാവിന്‍ കൂട്ടങ്ങള്‍ ... കുറുകുറു കുറുകിക്കൊണ്ടവ മേല്‍പ്പുരയില്‍ കുന്നുങ്ങിയിരിക്കുന്ന കാഴ്ച എന്നാണ് കണ്‍ മുന്‍പില്‍ നിന്ന്  മറഞ്ഞു പോയതെന്നറിയില്ല... ബാല്യത്തിലെ പല മധുര നിമിഷങ്ങളെ പോലെ ഇതും മനസ്സിന്റെ ഏതോ ഒരു കോണില്‍ മറഞ്ഞിരുന്നു എന്ന്  ഞാന്‍ കരുതിയതേയില്ല! ഇപ്പോള്‍ തോന്നുന്നു വലുതാവനുള്ള വെമ്പലില്‍ മന:പ്പൂര്‍വ്വം മറന്നിട്ട ചാരുതകളില്‍ വെച്ച് ഏറെ സുന്ദരമായ ഓര്‍മ്മകളാണീ പ്രാവിന്‍ കൂട്ടങ്ങളെന്ന് ...

വെളുത്തു സുന്ദരമായ മേനി പ്രദര്‍ശിപ്പിച്ചു പറക്കുന്ന വെണ്‍പ്രാവുകള്‍ അന്നും വിരളമായിരുന്നു... വല്ലപ്പോഴും പ്രത്യക്ഷമാവാറുള്ള അവ ശരിക്കും മനസ്സിന്റെ അകത്തട്ടിലിലാണ് കൂട് കൂട്ടിയതെന്നു തോന്നുന്നു... വെണ്‍ മേഘശകലം പോലെ അവ അങ്ങിങ്ങ് പറന്നു നടന്നപ്പോള്‍ കൂടെ പറക്കാന്‍ എനിയ്ക്കും വെമ്പലായിരുന്നു... ദിവാസ്വപ്നങ്ങളുടെ ചിറകേറി എത്രയോ വട്ടം ഞാനും അവയോടൊപ്പം ആകാശത്തേയ്ക്ക് പറന്നുയര്‍ന്നിരിയ്ക്കുന്നു !!!

ചാരനിറത്തിലുള്ള അമ്പലപ്രവുകള്‍ക്ക് ആ പേര് വന്നത് അവ അമ്പലങ്ങളില്‍ താമസമാക്കിയിരുന്നത് കൊണ്ടാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു... ഈ വിശ്വാസത്തെ ഉറപ്പിയ്ക്കാനെന്ന വണ്ണം അവ കൂട്ടംകൂട്ടമായി അമ്പലങ്ങളില്‍ ചേക്കേറിയിരുന്നു. ദീപാരാധന സമയത്തും അഷ്ടപദിയുടെ സംഗീതം ആസ്വദിച്ച് കുറുകുവാന്‍ മറന്ന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ലയിച്ച്‌ അവയും നിര്‍വൃതി പുല്‍കുകയായിരുന്നുവോ ???

കുളക്കരയില്‍ മനോരാജ്യം കണ്ടിരിക്കുന്ന വേളയിലാണ് അരിപ്രാവുകളെ അധികവും കാണാറ്. പൊതുവേ നാണക്കാരായ അവര്‍ക്ക് കേമ ത്തം കുറച്ചു കൂടുതലാണെന്ന്  തോന്നിയിട്ടുണ്ട്  ... ചില കാലങ്ങളില്‍ പ്രത്യക്ഷമാവുന്ന അവര്‍ വേറേതോ നാട്ടുകാരാണെന്നു തോന്നുന്നു... ദേഹത്ത് അരിമണികള്‍ പോലെയുള്ള അലങ്കാരങ്ങള്‍ ഉള്ളതിനാലാണ് അവയെ അരിപ്രാവുകള്‍ എന്ന് വിളിക്കുന്നതത്രെ! ഇപ്പോള്‍ അവയെ കാണാന്‍ തന്നെയില്ല ...

എന്താണിപ്പോള്‍ വിശേഷിച്ച്‌ ഈ പ്രാവിന്‍ കഥകള്‍ നിരത്തുന്നതെന്ന് എന്റെ പ്രിയ വായനക്കാര്‍ക്ക് തോന്നിയെങ്കില്‍ അത് തികച്ചും സ്വാഭാവികം തന്നെ! കൂട് വിട്ടു കൂട് മാറുന്ന പോലെ കഴിഞ്ഞ ഒരു ദശകത്തില്‍ കുറെയേറെ സ്ഥലങ്ങളില്‍ താമസിച്ച എനിയ്ക്ക് 'അറബിക്കടലിന്റെ റാണി' എന്നറിയുന്ന ഈ മഹാ നഗരം  വീണ്ടും സമ്മാനിച്ച ഒരു കാഴ്ചയാണ് പ്രാവിന്‍ കൂട്ടങ്ങള്‍ ...

ഓരോ പ്രഭാതത്തിലും പുലരിയുടെ നൈര്‍മല്യത്തോടൊപ്പം എന്റെ സുന്ദര ബാല്യത്തിന്റെ ഒരേടും ഈ വന്‍ നഗരം എന്നും തുറന്നു തരുന്നു.... എന്റെ ജനാലപ്പുറത്ത്‌ വന്നു കുണുങ്ങി നോക്കുന്ന പ്രാവുകള്‍ എന്റെ ഹൃദയത്തില്‍ ഒരല്‍പം സ്നിഗ്ധത പകരുന്നു... അവയുടെ കുറുകല്‍ ഒരമൂല്യ സംഗീതമായെന്നെ തഴുകിയുണര്‍ത്തുന്നു... പ്രകൃതിയിലെ ഓരോ കൊച്ചു കൊച്ചു ജീവജാലങ്ങള്‍ക്കും എത്രയധികം സന്തോഷം പ്രദാനം ചെയ്യാനാവുമെന്നും ഇതിലൂടെ ഞാന്‍ അറിയുന്നു!!!


Friday, June 22, 2012

മഴയും ജീവിതവും

പലപ്പോഴും എനിക്ക്  തോന്നിയിട്ടുണ്ട്, മഴക്കാലം ജീവിതം പോലെത്തന്നെയാണെന്ന്... ചില നേരങ്ങളില്‍ തെളിഞ്ഞും, മറ്റ്  ചിലപ്പോള്‍ ഇരുണ്ടും മഴക്കാലത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പോലെ ജീവിതവും തെളിഞ്ഞും ഇരുണ്ടും കളിയ്ക്കുന്നു. ജീവിത ദു:ഖങ്ങള്‍ കണ്ണീരില്‍ ഒഴുക്കി കളയുന്നതു പോലെ മഴത്തുള്ളികള്‍ വരണ്ട മനസ്സിനെയും മണ്ണിനേയും നനച്ചു നിര്‍മ്മലമാക്കുന്നു. 

മഴക്കാലത്തെ മാനം പോലെ ഇടയ്ക്ക് കറുത്തിരുണ്ട്‌ , ഘോരം ഘോരമായ് ഗര്ജ്ജിയ്ക്കുന്ന ഇടി മുഴക്കവും പേറി ജീവിതവും ചിലപ്പോഴെങ്കിലും കറുത്തു പോകാറുണ്ട്... തെളിഞ്ഞ മനസ്സില്‍ കരിനിഴല്‍ വീഴ്ത്തി ഘനഗംഭീരമായ് കദനങ്ങള്‍ ജീവിതത്തെ ആടിയുലയ്ക്കാറുണ്ട് ... പേമാരിയും കൊടുങ്കാറ്റും കൂടി പെയ്തിറങ്ങുന്ന മഴമേഘങ്ങള്‍ ജീവിതത്തെയും ഇളക്കി മറയ്ക്കുന്നു.

അതേ  സമയം, തെളിഞ്ഞ ആകാശത്തിനു കീഴില്‍ നനുത്ത് പെയ്യുന്ന ചാറ്റല്‍ മഴ ഒരനുഭൂതി തന്നെയാണ്! സങ്കീര്‍ണ്ണമായ ജീവിത വ്യഥകളെ തരണം ചെയ്തതിനു ശേഷം വരുന്ന പുലരിയും അത് പോലെ തന്നെ സുന്ദരവും അനുഭൂതിപ്രദവുമാണ്. വര്‍ഷക്കാലത്ത് പെയ്യുന്ന മഴ ഒരിയ്ക്കലും നിലയ്ക്കില്ലെന്ന് തോന്നാറുള്ളത് പോലെ, ജീവിത ദു:ഖങ്ങളും ഒരിയ്ക്കലും അവസാനിയ്ക്കില്ലെന്നു തോന്നിപ്പോകും... പക്ഷെ, ഏതൊരു മഴക്കാലവും ഒരിയ്ക്കല്‍ കഴിയുമെന്നത് പോലെ ജീവിത ദു:ഖങ്ങളും ഒരിയ്ക്കല്‍ അവസാനിച്ചേ മതിയാകൂ...

സമൃദ്ധമായ് പെയ്തൊഴിഞ്ഞ മഴക്കാലത്തിനു ശേഷം വരുന്ന വസന്തമെന്ന പോലെ ദുഷ്കരമായ കാലങ്ങള്‍ തരണം ചെയ്ത് ജീവിതവും പച്ച പിടിയ്ക്കും... പ്രകൃതിയുടെ അഭേദ്യമായ നിയമമാണിത്... ഒരു രാത്രിക്ക് പകലെന്ന പോലെ, ഒരു വേനലിന്  ഒരു മഴയെന്ന പോലെ, ഒരിറക്കത്തിനു ഒരു കേറ്റമെന്ന പോലെ, ജീവിതം ഒരു ദു:ഖത്തിന് ഒരു സുഖവും കരുതിയിരിയ്ക്കുന്നു...

ഒന്ന് കരഞ്ഞാല്‍ ഒരു കനത്ത മഴ പെയ്തു തോര്‍ന്ന ആശ്വാസമാണ്... ഒരു ചിരി വിരിയുന്നത് മഴയ്ക്ക്‌ ശേഷം വിടരുന്ന തെളിഞ്ഞ ആകാശം പോലെ സുന്ദരമാണ്... മഴയും  ജീവിതവും തെളിഞ്ഞും ഇരുണ്ടും പെയ്തും മൂടിക്കെട്ടിയും ഇടയ്ക്ക് കൊതിപ്പിക്കുകയും ഇടയ്ക്ക് ദു:ഖിപ്പിക്കുകയും ഇടയ്ക്ക് സന്തോഷിപ്പിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു...






ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍ ഇമേജ്   

Friday, June 15, 2012

മഴക്കാലസ്മരണകള്‍ ....


ഇല്ലത്തെ പൂമുഖ പടിയിലിരുന്നാല്‍ കാണാമായിരുന്നു കനത്ത മഴയില്‍ പെയ്തിറങ്ങിയ വെള്ളപ്പാച്ചിലിന്റെ അത്ഭുത ദൃശ്യം! ഒരു കൊച്ചു നദിയായ് പടിയ്ക്കല്‍ നിന്നും കുത്തിയൊലിച്ചു മഴവെള്ളമൊഴുകി വരുന്നത് എത്ര നേരം വേണമെങ്കിലും ഞാന്‍ നോക്കിയിരിക്കുമായിരുന്നു... ഒടുവില്‍ ആ വെള്ളം മുറ്റത്ത് നിറഞ്ഞൊരു കൊച്ചു തടാകമായി മാറുന്ന വേളയില്‍ എന്നിലെ കുട്ടി എത്രയോ വട്ടം ആ വെള്ളത്തില്‍ ചാടിക്കളിച്ചിരിയ്‌ക്കുന്നു! വെള്ളത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ചു, തണുത്ത വെള്ളത്തില്‍ കാലുകള്‍ പൂഴ്ത്തി, മണ്ണിന്റെ സ്പര്‍ശനമേറ്റ് നിര്‍വൃതി കൊണ്ട നിമിഷങ്ങള്‍ അനേകങ്ങളും അഭൂത പൂര്‍വ്വവുമായിരിന്നു. 


നാലുകെട്ടിന്‍ അകത്തളങ്ങളില്‍ നടുമുറ്റത്തു വീഴുന്ന മഴത്തുള്ളികളുടെ കിലുക്കം സംഗീത സാന്ദ്രമായിരുന്നു... ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ സ്പര്‍ശിച്ചു കുളിരണിഞ്ഞത്  എന്റെ ശരീരം മാത്രമായിരുന്നില്ല  , മനസ്സുമായിരുന്നു... 

രാവിന്റെ മടിത്തട്ടില്‍ ഒന്നുമറിയാതെ നിദ്രയിലമര്‍ന്നപ്പോഴും  മഴയുടെ നിസ്വനങ്ങള്‍ എന്നില്‍ നിന്നും അകലെയായിരുന്നില്ല... ഉറക്കമുണര്‍ന്നു ഞാന്‍ ജാലകത്തിന്നരികെയിരുന്നു മഴയുടെ സംഗീതം ഏറെ ആസ്വദിയ്ക്കുമായിരുന്നു... ഇടിയും മിന്നലും മഴയും നിറഞ്ഞ  രാത്രിയുടെ ഭംഗി അനിര്‍വചനീയമാണ് ... നനുത്ത  കരങ്ങളാല്‍ മഴയെന്നെ കൈനീട്ടി തൊടുമ്പോള്‍ ഞാനും മഴയും ഒന്നായി മാറും...എന്റെ കണ്ണീരില്‍ കുതിര്‍ന്ന  കവിളുകള്‍ നനഞ്ഞ  കൈകളാല്‍ തുടച്ചു തരുമ്പോള്‍ മഴയ്ക്ക്‌ നേര്‍ത്ത  ചൂടായിരുന്നു...എന്‍റെ കൂടെ കരയാനും എന്റെയൊപ്പം ചിരിയ്ക്കാനും മഴ  എന്നും എത്തിയിരുന്നു... ചാറ്റല്‍ മഴയായും, പേമാരിയായും വേനല്‍ മഴയായും അവളെന്നരുകിലെത്തി, എന്റെ പ്രിയ  തോഴിയായ്  അവള്‍ മാറിയതെന്നാണെന്ന്  ഞാന്‍ പോലും അറിഞ്ഞില്ല!!!


രാത്രി പെയ്ത  മഴയുടെ ബാക്കിപത്രമായ്‌ ഒഴുകി വരുന്ന വെള്ളം എന്റെ മുറ്റത്തൂടെ ഒരു നീര്‍ ചാലായ് ഒഴുകിയണയുന്ന നേരത്തും കേള്‍ക്കാറുണ്ട് ഹൃദയഹാരിയായ ഒരു സംഗീതം! പുതു മഴ പെയ്യുന്ന വേളകളില്‍ മണ്ണില്‍ നിന്നുയരുന്ന ഗന്ധത്തോളം മാസ്മരികത യതൊന്നിനുമില്ലെന്നും എനിക്ക്  തോന്നിയിട്ടുണ്ട്... 

വല്ലപ്പോഴും വന്നെത്തുന്ന അതിഥിയായി മഴ; എങ്കിലും  ദൂര ദേശത്തും അവള്‍ എന്നെ കൈവിട്ടില്ല... ഏകാന്തതയുടെ മടിത്തട്ടില്‍ ഞാനുറങ്ങിയപ്പോള്‍  മഴയൊരു കൂട്ടായി അവിടെയും എന്നെ തേടി വന്നിരുന്നു... വരണ്ട മണ്ണിനെ എന്ന പോലെ എന്റെ മനസ്സിനെയും മഴ കുളിരണിയിച്ചു, പുതുജീവനേകി !


ഇന്നും ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാന്‍ മഴയും കാത്തിരിപ്പൂ ... എന്റെ ബാല്യത്തിലെ നാലുകെട്ടിനുള്ളില്‍ വിരുന്നു വന്ന മഴക്കുളിര്‍ എന്നില്ലെങ്കിലും ഇന്നും മഴയെന്റെ പ്രിയ തോഴി തന്നെ... പരിഭവം പറയാനും, കരയാനും, കണ്ണീരൊപ്പാനും, ചിരിയ്ക്കാനും, ചിന്തിയ്ക്കാനും, എല്ലാമെല്ലാം ഇന്നും അവള്‍ എന്റെയരികെ വന്നണയുന്നു... ഒരു നനുത്ത മഴത്തുള്ളിയെന്റെ മേല്‍ പതിയ്ക്കുമ്പോള്‍ ആ സ്നേഹം ഞാന്‍ തൊട്ടറിയുന്നു. ഒരിക്കലും അകലാത്ത സുഹൃത്തേ മഴയെന്നും എന്റെ അരികിലുണ്ട്... അമൃതമായവള്‍   എന്നില്‍ നിറയുന്നു, എന്നെ ജീവിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നു!




Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...