ഒരു നിറപുലരി തന്‍ നന്മയില്‍-
ക്കുളിച്ച ശുഭ വേളയിലന്നു ഞാന്‍
തിരു സവിധേ വന്നെത്തിയെന്നമ്മേ;
തവ പാദാംബുജം വണങ്ങി നിന്നൂ...
എന്നാത്മാവിന്നന്തരംഗത്തിലുയര്‍ന്നൂ
നൂറായിരം പുളകമണിമുകുളങ്ങള്‍;
തേജസ്സാര്‍ന്ന നിന്‍ തിരുവദനമെന്‍
മനതാരിലുതിര്‍ത്തു ആനന്ദാമൃതം!
ദയ വഴിയും തിരുമിഴികളാലെന്നെ നീ
കടാക്ഷിച്ചു; അജ്ഞാനിയാമെന്‍
ബോധ മണ്ഡലത്തിലപ്പോഴുയര്‍ന്നു
ജ്നാനാമൃതത്തിന്‍ കുളിരലകള്‍!
കലകള്‍ക്കുമക്ഷരങ്ങള്‍ക്കുമറിവിന്നുമെന്നും
അമ്മയായ് മേവുമെന്‍ ശാരദാംബേ,
തവ സന്നിധിയിലെത്തി കുമ്പിട്ടു വണങ്ങുവാന്‍
കഴിഞ്ഞതെന്‍ മുന്‍ ജന്മ സുകൃതം!
നിന്‍ തിരു നടയിലൊരു മാത്ര നിന്നനേരം
അജ്ഞാനാന്ധകാരങ്ങളെന്നെ വിട്ടകന്നു;
സുദീപ്തമാം തവ വദനാംബുജമെന്‍
മനതാരില്‍ നിറഞ്ഞീടേണമെന്നും...
നിന്നഭിഷേക തീര്‍ത്ഥമെന്നെ
പുണ്യവതിയാക്കിയപോല്‍
നിന്‍ പാദാരവിന്ദങ്ങളിലെന്നുമെന്‍
മതി മനീഷകളുറച്ചിടേണം...
ഞാനുരുവിടും വാക്കുകളെല്ലാമിനി
നിന്‍ നാമങ്ങളെപ്പോല്‍ ധന്യമാകട്ടെ!
ഞാനാചാരിക്കും കര്‍മ്മങ്ങളെല്ലാം നിന്‍
പാദപൂജയായ് ഭവിക്കുമാറാകട്ടെ..
അമ്മേ! ദേവി! മൂകാംബികേ! ശാരദാംബേ!
നീ മാത്രമാണടിയനൊരാശ്രയം; നിന്‍
നാമാര്‍ച്ചനകളിലെന്നുമെന്‍ ഹൃദയം
നിറഞ്ഞിരിക്കാനെന്നമ്മേ അനുഗ്രഹിക്കണേ!!!
No comments:
Post a Comment