Friday, June 15, 2012

മഴക്കാലസ്മരണകള്‍ ....


ഇല്ലത്തെ പൂമുഖ പടിയിലിരുന്നാല്‍ കാണാമായിരുന്നു കനത്ത മഴയില്‍ പെയ്തിറങ്ങിയ വെള്ളപ്പാച്ചിലിന്റെ അത്ഭുത ദൃശ്യം! ഒരു കൊച്ചു നദിയായ് പടിയ്ക്കല്‍ നിന്നും കുത്തിയൊലിച്ചു മഴവെള്ളമൊഴുകി വരുന്നത് എത്ര നേരം വേണമെങ്കിലും ഞാന്‍ നോക്കിയിരിക്കുമായിരുന്നു... ഒടുവില്‍ ആ വെള്ളം മുറ്റത്ത് നിറഞ്ഞൊരു കൊച്ചു തടാകമായി മാറുന്ന വേളയില്‍ എന്നിലെ കുട്ടി എത്രയോ വട്ടം ആ വെള്ളത്തില്‍ ചാടിക്കളിച്ചിരിയ്‌ക്കുന്നു! വെള്ളത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ചു, തണുത്ത വെള്ളത്തില്‍ കാലുകള്‍ പൂഴ്ത്തി, മണ്ണിന്റെ സ്പര്‍ശനമേറ്റ് നിര്‍വൃതി കൊണ്ട നിമിഷങ്ങള്‍ അനേകങ്ങളും അഭൂത പൂര്‍വ്വവുമായിരിന്നു. 


നാലുകെട്ടിന്‍ അകത്തളങ്ങളില്‍ നടുമുറ്റത്തു വീഴുന്ന മഴത്തുള്ളികളുടെ കിലുക്കം സംഗീത സാന്ദ്രമായിരുന്നു... ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ സ്പര്‍ശിച്ചു കുളിരണിഞ്ഞത്  എന്റെ ശരീരം മാത്രമായിരുന്നില്ല  , മനസ്സുമായിരുന്നു... 

രാവിന്റെ മടിത്തട്ടില്‍ ഒന്നുമറിയാതെ നിദ്രയിലമര്‍ന്നപ്പോഴും  മഴയുടെ നിസ്വനങ്ങള്‍ എന്നില്‍ നിന്നും അകലെയായിരുന്നില്ല... ഉറക്കമുണര്‍ന്നു ഞാന്‍ ജാലകത്തിന്നരികെയിരുന്നു മഴയുടെ സംഗീതം ഏറെ ആസ്വദിയ്ക്കുമായിരുന്നു... ഇടിയും മിന്നലും മഴയും നിറഞ്ഞ  രാത്രിയുടെ ഭംഗി അനിര്‍വചനീയമാണ് ... നനുത്ത  കരങ്ങളാല്‍ മഴയെന്നെ കൈനീട്ടി തൊടുമ്പോള്‍ ഞാനും മഴയും ഒന്നായി മാറും...എന്റെ കണ്ണീരില്‍ കുതിര്‍ന്ന  കവിളുകള്‍ നനഞ്ഞ  കൈകളാല്‍ തുടച്ചു തരുമ്പോള്‍ മഴയ്ക്ക്‌ നേര്‍ത്ത  ചൂടായിരുന്നു...എന്‍റെ കൂടെ കരയാനും എന്റെയൊപ്പം ചിരിയ്ക്കാനും മഴ  എന്നും എത്തിയിരുന്നു... ചാറ്റല്‍ മഴയായും, പേമാരിയായും വേനല്‍ മഴയായും അവളെന്നരുകിലെത്തി, എന്റെ പ്രിയ  തോഴിയായ്  അവള്‍ മാറിയതെന്നാണെന്ന്  ഞാന്‍ പോലും അറിഞ്ഞില്ല!!!


രാത്രി പെയ്ത  മഴയുടെ ബാക്കിപത്രമായ്‌ ഒഴുകി വരുന്ന വെള്ളം എന്റെ മുറ്റത്തൂടെ ഒരു നീര്‍ ചാലായ് ഒഴുകിയണയുന്ന നേരത്തും കേള്‍ക്കാറുണ്ട് ഹൃദയഹാരിയായ ഒരു സംഗീതം! പുതു മഴ പെയ്യുന്ന വേളകളില്‍ മണ്ണില്‍ നിന്നുയരുന്ന ഗന്ധത്തോളം മാസ്മരികത യതൊന്നിനുമില്ലെന്നും എനിക്ക്  തോന്നിയിട്ടുണ്ട്... 

വല്ലപ്പോഴും വന്നെത്തുന്ന അതിഥിയായി മഴ; എങ്കിലും  ദൂര ദേശത്തും അവള്‍ എന്നെ കൈവിട്ടില്ല... ഏകാന്തതയുടെ മടിത്തട്ടില്‍ ഞാനുറങ്ങിയപ്പോള്‍  മഴയൊരു കൂട്ടായി അവിടെയും എന്നെ തേടി വന്നിരുന്നു... വരണ്ട മണ്ണിനെ എന്ന പോലെ എന്റെ മനസ്സിനെയും മഴ കുളിരണിയിച്ചു, പുതുജീവനേകി !


ഇന്നും ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാന്‍ മഴയും കാത്തിരിപ്പൂ ... എന്റെ ബാല്യത്തിലെ നാലുകെട്ടിനുള്ളില്‍ വിരുന്നു വന്ന മഴക്കുളിര്‍ എന്നില്ലെങ്കിലും ഇന്നും മഴയെന്റെ പ്രിയ തോഴി തന്നെ... പരിഭവം പറയാനും, കരയാനും, കണ്ണീരൊപ്പാനും, ചിരിയ്ക്കാനും, ചിന്തിയ്ക്കാനും, എല്ലാമെല്ലാം ഇന്നും അവള്‍ എന്റെയരികെ വന്നണയുന്നു... ഒരു നനുത്ത മഴത്തുള്ളിയെന്റെ മേല്‍ പതിയ്ക്കുമ്പോള്‍ ആ സ്നേഹം ഞാന്‍ തൊട്ടറിയുന്നു. ഒരിക്കലും അകലാത്ത സുഹൃത്തേ മഴയെന്നും എന്റെ അരികിലുണ്ട്... അമൃതമായവള്‍   എന്നില്‍ നിറയുന്നു, എന്നെ ജീവിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നു!