Friday, June 29, 2012

ചങ്ങാതിപ്രാവ് ...

കുട്ടിക്കാലത്ത് യഥേഷ്‌ടം കണ്ടിരുന്ന കാഴ്ചയായിരുന്നു ഇല്ലത്തെ മേല്‍ക്കൂരയുടെ തണലില്‍ കൂടുകൂട്ടിയിരുന്ന പ്രാവിന്‍ കൂട്ടങ്ങള്‍ ... കുറുകുറു കുറുകിക്കൊണ്ടവ മേല്‍പ്പുരയില്‍ കുന്നുങ്ങിയിരിക്കുന്ന കാഴ്ച എന്നാണ് കണ്‍ മുന്‍പില്‍ നിന്ന്  മറഞ്ഞു പോയതെന്നറിയില്ല... ബാല്യത്തിലെ പല മധുര നിമിഷങ്ങളെ പോലെ ഇതും മനസ്സിന്റെ ഏതോ ഒരു കോണില്‍ മറഞ്ഞിരുന്നു എന്ന്  ഞാന്‍ കരുതിയതേയില്ല! ഇപ്പോള്‍ തോന്നുന്നു വലുതാവനുള്ള വെമ്പലില്‍ മന:പ്പൂര്‍വ്വം മറന്നിട്ട ചാരുതകളില്‍ വെച്ച് ഏറെ സുന്ദരമായ ഓര്‍മ്മകളാണീ പ്രാവിന്‍ കൂട്ടങ്ങളെന്ന് ...

വെളുത്തു സുന്ദരമായ മേനി പ്രദര്‍ശിപ്പിച്ചു പറക്കുന്ന വെണ്‍പ്രാവുകള്‍ അന്നും വിരളമായിരുന്നു... വല്ലപ്പോഴും പ്രത്യക്ഷമാവാറുള്ള അവ ശരിക്കും മനസ്സിന്റെ അകത്തട്ടിലിലാണ് കൂട് കൂട്ടിയതെന്നു തോന്നുന്നു... വെണ്‍ മേഘശകലം പോലെ അവ അങ്ങിങ്ങ് പറന്നു നടന്നപ്പോള്‍ കൂടെ പറക്കാന്‍ എനിയ്ക്കും വെമ്പലായിരുന്നു... ദിവാസ്വപ്നങ്ങളുടെ ചിറകേറി എത്രയോ വട്ടം ഞാനും അവയോടൊപ്പം ആകാശത്തേയ്ക്ക് പറന്നുയര്‍ന്നിരിയ്ക്കുന്നു !!!

ചാരനിറത്തിലുള്ള അമ്പലപ്രവുകള്‍ക്ക് ആ പേര് വന്നത് അവ അമ്പലങ്ങളില്‍ താമസമാക്കിയിരുന്നത് കൊണ്ടാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു... ഈ വിശ്വാസത്തെ ഉറപ്പിയ്ക്കാനെന്ന വണ്ണം അവ കൂട്ടംകൂട്ടമായി അമ്പലങ്ങളില്‍ ചേക്കേറിയിരുന്നു. ദീപാരാധന സമയത്തും അഷ്ടപദിയുടെ സംഗീതം ആസ്വദിച്ച് കുറുകുവാന്‍ മറന്ന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ലയിച്ച്‌ അവയും നിര്‍വൃതി പുല്‍കുകയായിരുന്നുവോ ???

കുളക്കരയില്‍ മനോരാജ്യം കണ്ടിരിക്കുന്ന വേളയിലാണ് അരിപ്രാവുകളെ അധികവും കാണാറ്. പൊതുവേ നാണക്കാരായ അവര്‍ക്ക് കേമ ത്തം കുറച്ചു കൂടുതലാണെന്ന്  തോന്നിയിട്ടുണ്ട്  ... ചില കാലങ്ങളില്‍ പ്രത്യക്ഷമാവുന്ന അവര്‍ വേറേതോ നാട്ടുകാരാണെന്നു തോന്നുന്നു... ദേഹത്ത് അരിമണികള്‍ പോലെയുള്ള അലങ്കാരങ്ങള്‍ ഉള്ളതിനാലാണ് അവയെ അരിപ്രാവുകള്‍ എന്ന് വിളിക്കുന്നതത്രെ! ഇപ്പോള്‍ അവയെ കാണാന്‍ തന്നെയില്ല ...

എന്താണിപ്പോള്‍ വിശേഷിച്ച്‌ ഈ പ്രാവിന്‍ കഥകള്‍ നിരത്തുന്നതെന്ന് എന്റെ പ്രിയ വായനക്കാര്‍ക്ക് തോന്നിയെങ്കില്‍ അത് തികച്ചും സ്വാഭാവികം തന്നെ! കൂട് വിട്ടു കൂട് മാറുന്ന പോലെ കഴിഞ്ഞ ഒരു ദശകത്തില്‍ കുറെയേറെ സ്ഥലങ്ങളില്‍ താമസിച്ച എനിയ്ക്ക് 'അറബിക്കടലിന്റെ റാണി' എന്നറിയുന്ന ഈ മഹാ നഗരം  വീണ്ടും സമ്മാനിച്ച ഒരു കാഴ്ചയാണ് പ്രാവിന്‍ കൂട്ടങ്ങള്‍ ...

ഓരോ പ്രഭാതത്തിലും പുലരിയുടെ നൈര്‍മല്യത്തോടൊപ്പം എന്റെ സുന്ദര ബാല്യത്തിന്റെ ഒരേടും ഈ വന്‍ നഗരം എന്നും തുറന്നു തരുന്നു.... എന്റെ ജനാലപ്പുറത്ത്‌ വന്നു കുണുങ്ങി നോക്കുന്ന പ്രാവുകള്‍ എന്റെ ഹൃദയത്തില്‍ ഒരല്‍പം സ്നിഗ്ധത പകരുന്നു... അവയുടെ കുറുകല്‍ ഒരമൂല്യ സംഗീതമായെന്നെ തഴുകിയുണര്‍ത്തുന്നു... പ്രകൃതിയിലെ ഓരോ കൊച്ചു കൊച്ചു ജീവജാലങ്ങള്‍ക്കും എത്രയധികം സന്തോഷം പ്രദാനം ചെയ്യാനാവുമെന്നും ഇതിലൂടെ ഞാന്‍ അറിയുന്നു!!!