Friday, June 29, 2012

ചങ്ങാതിപ്രാവ് ...

കുട്ടിക്കാലത്ത് യഥേഷ്‌ടം കണ്ടിരുന്ന കാഴ്ചയായിരുന്നു ഇല്ലത്തെ മേല്‍ക്കൂരയുടെ തണലില്‍ കൂടുകൂട്ടിയിരുന്ന പ്രാവിന്‍ കൂട്ടങ്ങള്‍ ... കുറുകുറു കുറുകിക്കൊണ്ടവ മേല്‍പ്പുരയില്‍ കുന്നുങ്ങിയിരിക്കുന്ന കാഴ്ച എന്നാണ് കണ്‍ മുന്‍പില്‍ നിന്ന്  മറഞ്ഞു പോയതെന്നറിയില്ല... ബാല്യത്തിലെ പല മധുര നിമിഷങ്ങളെ പോലെ ഇതും മനസ്സിന്റെ ഏതോ ഒരു കോണില്‍ മറഞ്ഞിരുന്നു എന്ന്  ഞാന്‍ കരുതിയതേയില്ല! ഇപ്പോള്‍ തോന്നുന്നു വലുതാവനുള്ള വെമ്പലില്‍ മന:പ്പൂര്‍വ്വം മറന്നിട്ട ചാരുതകളില്‍ വെച്ച് ഏറെ സുന്ദരമായ ഓര്‍മ്മകളാണീ പ്രാവിന്‍ കൂട്ടങ്ങളെന്ന് ...

വെളുത്തു സുന്ദരമായ മേനി പ്രദര്‍ശിപ്പിച്ചു പറക്കുന്ന വെണ്‍പ്രാവുകള്‍ അന്നും വിരളമായിരുന്നു... വല്ലപ്പോഴും പ്രത്യക്ഷമാവാറുള്ള അവ ശരിക്കും മനസ്സിന്റെ അകത്തട്ടിലിലാണ് കൂട് കൂട്ടിയതെന്നു തോന്നുന്നു... വെണ്‍ മേഘശകലം പോലെ അവ അങ്ങിങ്ങ് പറന്നു നടന്നപ്പോള്‍ കൂടെ പറക്കാന്‍ എനിയ്ക്കും വെമ്പലായിരുന്നു... ദിവാസ്വപ്നങ്ങളുടെ ചിറകേറി എത്രയോ വട്ടം ഞാനും അവയോടൊപ്പം ആകാശത്തേയ്ക്ക് പറന്നുയര്‍ന്നിരിയ്ക്കുന്നു !!!

ചാരനിറത്തിലുള്ള അമ്പലപ്രവുകള്‍ക്ക് ആ പേര് വന്നത് അവ അമ്പലങ്ങളില്‍ താമസമാക്കിയിരുന്നത് കൊണ്ടാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു... ഈ വിശ്വാസത്തെ ഉറപ്പിയ്ക്കാനെന്ന വണ്ണം അവ കൂട്ടംകൂട്ടമായി അമ്പലങ്ങളില്‍ ചേക്കേറിയിരുന്നു. ദീപാരാധന സമയത്തും അഷ്ടപദിയുടെ സംഗീതം ആസ്വദിച്ച് കുറുകുവാന്‍ മറന്ന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ലയിച്ച്‌ അവയും നിര്‍വൃതി പുല്‍കുകയായിരുന്നുവോ ???

കുളക്കരയില്‍ മനോരാജ്യം കണ്ടിരിക്കുന്ന വേളയിലാണ് അരിപ്രാവുകളെ അധികവും കാണാറ്. പൊതുവേ നാണക്കാരായ അവര്‍ക്ക് കേമ ത്തം കുറച്ചു കൂടുതലാണെന്ന്  തോന്നിയിട്ടുണ്ട്  ... ചില കാലങ്ങളില്‍ പ്രത്യക്ഷമാവുന്ന അവര്‍ വേറേതോ നാട്ടുകാരാണെന്നു തോന്നുന്നു... ദേഹത്ത് അരിമണികള്‍ പോലെയുള്ള അലങ്കാരങ്ങള്‍ ഉള്ളതിനാലാണ് അവയെ അരിപ്രാവുകള്‍ എന്ന് വിളിക്കുന്നതത്രെ! ഇപ്പോള്‍ അവയെ കാണാന്‍ തന്നെയില്ല ...

എന്താണിപ്പോള്‍ വിശേഷിച്ച്‌ ഈ പ്രാവിന്‍ കഥകള്‍ നിരത്തുന്നതെന്ന് എന്റെ പ്രിയ വായനക്കാര്‍ക്ക് തോന്നിയെങ്കില്‍ അത് തികച്ചും സ്വാഭാവികം തന്നെ! കൂട് വിട്ടു കൂട് മാറുന്ന പോലെ കഴിഞ്ഞ ഒരു ദശകത്തില്‍ കുറെയേറെ സ്ഥലങ്ങളില്‍ താമസിച്ച എനിയ്ക്ക് 'അറബിക്കടലിന്റെ റാണി' എന്നറിയുന്ന ഈ മഹാ നഗരം  വീണ്ടും സമ്മാനിച്ച ഒരു കാഴ്ചയാണ് പ്രാവിന്‍ കൂട്ടങ്ങള്‍ ...

ഓരോ പ്രഭാതത്തിലും പുലരിയുടെ നൈര്‍മല്യത്തോടൊപ്പം എന്റെ സുന്ദര ബാല്യത്തിന്റെ ഒരേടും ഈ വന്‍ നഗരം എന്നും തുറന്നു തരുന്നു.... എന്റെ ജനാലപ്പുറത്ത്‌ വന്നു കുണുങ്ങി നോക്കുന്ന പ്രാവുകള്‍ എന്റെ ഹൃദയത്തില്‍ ഒരല്‍പം സ്നിഗ്ധത പകരുന്നു... അവയുടെ കുറുകല്‍ ഒരമൂല്യ സംഗീതമായെന്നെ തഴുകിയുണര്‍ത്തുന്നു... പ്രകൃതിയിലെ ഓരോ കൊച്ചു കൊച്ചു ജീവജാലങ്ങള്‍ക്കും എത്രയധികം സന്തോഷം പ്രദാനം ചെയ്യാനാവുമെന്നും ഇതിലൂടെ ഞാന്‍ അറിയുന്നു!!!


11 comments:

ajith said...

എല്ലാം ശരി. പ്രാവുകള്‍ ഇഷ്ടപ്പെട്ട പക്ഷികള്‍ തന്നെ. പക്ഷെ ഇപ്പോള്‍ അവ ഞങ്ങള്‍ക്ക് ശല്യമാണ്. വര്‍ക് ഷോപ്പിന്റെ മേല്‍ക്കൂരയില്‍ നൂറുകണക്കിന് പ്രാവുകളാണ് കൂട് കൂട്ടിയിരിക്കുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് അവ ഇടതടവില്ലാതെ കാഷ്ഠിച്ച് ജോലിക്കാരെ കുളിപ്പിക്കയാണ്. ഓഫീസില്‍ നിന്ന് വല്ലപ്പോഴും വര്‍ക് ഷോപ്പിലേയ്ക്കിറങ്ങുമ്പോള്‍ എനിക്കും കിട്ടാറുണ്ട് ചിലപ്പോള്‍ കാഷ്ടമഴ. അതുകൊണ്ട് പ്രാവുകളും ഞാനും തമ്മില്‍ ഇപ്പോള്‍ വലിയ ചങ്ങാത്തത്തിലല്ല. (എന്നാലും നല്ലയെഴുത്ത് നിഷാ)

roopz said...

Sweet... Ishtayi

Regards
village girl

RAGHU MENON said...

മറ്റു ജീവികളോടുള്ള സഹജീവി മനോഭാവം ഉണര്‍ത്തിക്കുന്ന പോലെ ഉള്ള ഒരു പ്രതീതി ആണ്, പ്രാവുകളെ അടുത്തു കാണുമ്പോള്‍, നമ്മളില്‍ ഉണ്ടാകുന്നത്. ശ്രീ. അജിത്‌ എഴുതിയ പോലെയുള്ള, അവയുടെ അത്യാവശ്യ കാര്യങ്ങള്‍ചിലപ്പോള്‍ നമുക്ക് അസൌകര്യം ഉണ്ടാക്കാറുണ്ട് എന്നതൊഴിച്ചാല്‍, ഒരു തരത്തിലും മനുഷ്യര്‍ക്ക്‌ ഒരു ഉപദ്രവവും ഉണ്ടാക്കാത്ത ഒരു ജീവി."സൃഷ്ടിയെ സ്നേഹിക്കുന്നതു, സൃഷ്ടികര്‍ത്താവിനെ സ്നേഹിക്കുന്നതിനു തുല്യമാണ്"എന്നുള്ള തിരിച്ചറിവ് മനുഷ്യന് ഉണ്ടാകണം. ആ തിരിച്ചറിവ് ഉണ്ടാകുന്നതിനു മുന്‍പുള്ള, എന്റെ ചില ചെയ്തികളിലെ ക്രൂരതകള്‍, ഓര്‍ത്തു മനസ്സിനെ ആലോസരപ്പെടുത്താനും, പശ്ചാതപിക്കാനും, നിഷയുടെ ബ്ലോഗ്‌ ഇടയാക്കി.
പുഴുവിനെ പ്രാണി തിന്നുന്നു, പ്രാണിയെ വണ്ട്‌ തിന്നുന്നു, വണ്ടിനെ പല്ലി, പല്ലിയെ തവള, എന്ന തരത്തില്‍ പോകുന്ന പ്രകൃതിയിലെ
"ഫുഡ്‌ ചെയിന്‍""' സംവിധാനത്തെ, സാധൂകരിക്കാന്‍ തോന്നിയ മനോബലം, കൊണ്ടാകാം,എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. എന്റെ എയര്‍ ഫോഴ്സ് സേവനത്തിനിടയില്‍, ഞാന്‍ അംബാലയില്‍ ഉണ്ടായിരിന്നു. അവിടത്തെ മിലിട്ടറി ബാരക്കുകള്‍, പ്രാവുകളുടെ ഒരു മഹാ സ്ന്കേതമായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഞാനും കൂട്ടുകാരും കൂടി,എയര്‍ ഗണ്ണും ആയി ഇറങ്ങി, കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ മൂലകളില്‍ ചേക്കേറി, കുടുംബത്തില്‍ സ്വസ്ഥമായി കുറുകി ഇരിക്കുന്ന ഇവകളെ വെടി വെച്ചിടും. വിശപ്പ്‌ മാറ്റാന്‍ ആയി, നിലനില്‍പ്പിനായി, എന്ന പോലെയുള്ള, മാനിനെ വേട്ടയാടുന്ന ഒരു ആദിവാസിയുടെ ന്യായികരണം പോലും ഞങ്ങളുടെ ആ പ്രവര്‍ത്തിയില്‍ ഉണ്ടായിരുന്നില്ല! സമൃദ്ധമായ എയര്‍ ഫോഴ്സ് മെസ്സിലെ ആഹാരവും ഉപേക്ഷിച്ചിട്ട് ആണ് ഈ വേട്ട. ഇതിനെ വേട്ട എന്നും പറയാന്‍ പറ്റുകയില്ല. പാതി ഉറക്കത്തില്‍ കണ്ണ് കാണാതെ ഇരിക്കുന്ന ഇവയെ വെടി വെച്ചിടുന്ന ഈ ക്രൂരതക്ക് ഒരു വേട്ടക്കാരന്റെ വൈദക്ധ്യം പോലും വേണ്ട!
വായനക്കാരനെ സന്തോഷിപ്പിക്കാനോ, ചിന്തിപ്പിക്കാനോ
എഴുത്തിനു കഴിഞ്ഞു എങ്കില്‍, എഴുതുന്ന ആളുടെ യത്നം സഫലമാണ് -

Nisha said...

Thank you Village Girl!

Nisha said...

Thank You Seb Powen!

Regds,
Nisha

Nisha said...

അജിത്‌,

നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എനിയ്ക്കും അവയോടു പരിഭവം തോന്നും, സംശയമില്ല...

അവ നിങ്ങളെ ഏറെ ബുദ്ധിമുട്ടിയ്ക്കുന്നുണ്ടെന്ന് എഴുതിയെങ്കിലും അവയോടുള്ള വിരോധത്തെക്കാള്‍ ഞാന്‍ നിങ്ങളുടെ മറുപടിയില്‍ കണ്ടത് സഹ ജീവികളോടുള്ള സ്നേഹമാണ്...

എഴുതിയത് നന്നായി എന്നറിയിച്ചതില്‍ സന്തോഷം!!! വളരെ നന്ദി!

സാദരം
നിഷ

Nisha said...

രഘു,
നിങ്ങളുടെ പ്രതികരണം എന്നെ ഒന്നുലച്ചു... വേറൊന്നുമല്ല, ഒരു ചെറിയ ഓര്‍മക്കുറിപ്പെന്ന പോലെ ഞാനെഴുതിയതു ഇത്രത്തോളം ഒരാളെ ചിന്തിപ്പിയ്ക്കുമെന്നു ഞാന്‍ സ്വപ്നേപി കരുതിയില്ല...

അതിലേറെ എനിക്കു ശ്രദ്ധേയമായി തോന്നിയത് താങ്കളുടെ ഏറ്റു പറച്ചിലാണ്.. നാമെല്ലാവരും ഏതെങ്കിലും ചില വേളയില്‍ ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ പല തെറ്റുകളും അറിവില്ലായ്മയും, കാണിച്ചു കൂട്ടിയിരിയ്ക്കും ... പക്ഷെ അത് വേറൊരാള്‍ അറിയാതിരിക്കാന്‍ നാം ഏറെ വ്യഗ്രത കാണിക്കാറുണ്ട്.. അത്തരം അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതാ ഒരാള്‍ തന്റെ തെറ്റ് പറഞ്ഞു പശ്ചാതപിയ്ക്കുന്നു!!! ഇന്ന് നിങ്ങളില്‍ ഉണരുന്ന ഈ നന്മയില്‍ പണ്ടത്തെ തിന്മകള്‍ (അങ്ങനെ പറയാമോ എന്നറിയില്ല, എങ്കിലും) ഒക്കെ ഒഴുകിയൊലിച്ചു പോയി എന്ന് തന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു...

അതിലെല്ലാം ഉപരി, ഏതൊരു മനുഷ്യനിലും നന്മ ഒളിഞ്ഞിരുപ്പുണ്ടെന്ന എന്റെ വിശ്വാസം ഒന്ന് കൂടി ശക്തമായി...

എന്റെ അളവറ്റ നന്ദിയും ഇതോടൊപ്പം അറിയിയ്ക്കട്ടെ... ഞാന്‍ എഴുതുന്നവ വെറുതെ വായിച്ചു മറക്കാതെ നിങ്ങളുടെ വിലയേറിയ സമയത്തില്‍ നിന്നും എനിയ്ക്കായ്‌ സമയം കണ്ടെത്തി ഇത്രയും നല്ല അഭിപ്രായങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിയ്ക്കുന്നതിനു ഒരായിരം നന്ദി!!!

സാദരം
നിഷ

Mohanan Moothiringode said...

Thanx for taking me back to my childhood days, when life wasn't so fast, when I had time to enjoy nature, when existence was not boredom
(pardon me, Arun).

Nisha said...

Dont we all long to go back to those magical time???

അപൂര്‍ണ്ണന്‍ said...

Nice...

Nisha said...

thanks!

Of Little Trips and Great Learnings

The other day, we (some staff, volunteers and service users of Mary Seacole House, Liverpool) went on a day trip to Llangollen. This wasn&#...