Wednesday, July 25, 2012

മഴയമൃത്


മഴയൊരു നനുത്ത സ്പര്‍ശനമായ് പെയ്തിറങ്ങി-
വനി തന്‍ മേനി നനയ്ക്കവേ;
കുളിര്‍ കൊരുമാ മഴയെന്‍ മനതാരിന്‍ തീക്കനല്‍ 
പതിയെപ്പതിയെയണച്ചിടുന്നു...
മുകില്‍ മാലകളാകാശപ്പരപ്പില്‍ നൃത്തം വെച്ചോടി-
മറയവേ, മാമരങ്ങള്‍ തലയാട്ടി ചിരിപ്പൂ!
ദാഹിച്ചു വലഞ്ഞ പക്ഷിലതാദികള്‍ മഴത്തുള്ളികള്‍ 
തന്‍ ലാളനമേറ്റു കുളിരണിഞ്ഞു നിന്നു...
വരണ്ട ഭൂമിതന്‍ മാറിലൂടെയൊരു നീര്‍ച്ചാലൊഴുകി
നീങ്ങവേ; പ്രകൃതിയാമമ്മ ചുരത്തുമമൃത-
മഴയാം പാല്‍ കുടിച്ചു കരുത്താര്‍ജ്ജിയ്ക്കുന്നു
അമ്മതന്‍ പ്രിയരാം മക്കളൊന്നൊഴിയാതെ...
ഏറെ നാള്‍ കഴിഞ്ഞിട്ടിന്നു പെയ്തൊരീ മഴ-
യെന്‍ മാനസപൊയ്കയില്‍ നിറപ്പൂ
ആഹ്ലാദത്തിന്‍ വര്‍ണ്ണ ശബളങ്ങളാം പുതു 
താമരമൊട്ടുകള്‍ അനേകങ്ങള്‍ !!!