മോഹങ്ങള്‍
കളകളമൊഴുകും പുഴ തന്‍ സംഗീതവും,
അസ്തമയാര്‍ക്കന്റെ ചായമേറിയ മുഖവും,
അനന്തമാം ആകാശത്തിന്‍ നിറപ്പകിട്ടും,
മുകില്‍മാലകള്‍ക്കിടയിലൂടെത്തിനോക്കും
സൂര്യരശ്മികള്‍ തന്‍ മാസ്മരതയും
മഴയേറ്റുവാങ്ങി കുണുങ്ങി നില്‍ക്കും മാമരങ്ങളും,
മേഘത്തോണികളെ തടുത്തു നിര്‍ത്തും മാമലകളും
മെല്ലെ മെല്ലെ വീശുമീ കുളിര്‍ത്തെന്നലും
അഗണ്യമാം വിഹഗഗണങ്ങളുമെല്ലാം
കേവലമാമീ മനസ്സിനെ മോഹിപ്പിക്കുന്നു...
പുഴയാവാന്‍, മഴവില്ലായുയരാന്‍, മഴത്തുള്ളിയായ്
താഴേക്കൊഴുകിവീഴാന്‍, സൂര്യരശ്മിയായ്
പ്രകാശംപരത്തിയെത്താന്‍, പറവയായ്
മാനം മുട്ടെ പറന്നുയരാന്‍, തലയുയര്‍ത്തി നില്‍ക്കുമൊരു
പര്‍വ്വതനിരയായ് നീലാംബരത്തെ ചുംബിച്ചുണര്‍ത്താന്‍,
മാമരമായ് പടര്‍ന്നു പന്തലിച്ചു തണലേകി മേവാന്‍....
മന്ദാനിലനായി കുളിര്‍ പരത്തിയൊഴുകാന്‍...
ആകാശത്തിന്നനന്തതയായ് പരന്നു കിടക്കാന്‍
സൂര്യതേജസ്സിന്നരുണിമയായ് മാറാന്‍...
എണ്ണമേറാതുള്ള മോഹങ്ങളെന്‍ കൊച്ചു
മനസ്സിന്നുള്ളിലൊളിച്ചിരിപ്പൂ
അവയെല്ലാം മറന്നിടാം ഞാന്‍; എന്‍ ചെറു ജീവിതം
സാര്‍ത്ഥകമായ് ജീവിക്കാനെനിക്കാകുമെങ്കില്‍;
മഴയും പുഴയും മാനവും മരവുമാകേണ്ടതില്ലെനിക്ക്
ഒരു നല്ല മനുജനായ് മരണത്തെ പുല്‍കാന്‍
മാത്രമാണെനിക്ക് മോഹമിപ്പോള്‍!
No comments:
Post a Comment