നിന്നെയും കാത്തെന്‍ ഉമ്മറത്തിണ്ണയില്‍
ഏറെ നേരമായ് ഞാനിരിപ്പൂ;
ഉച്ച തന്‍ കൊടും വെയിലേറ്റു തളരാതെ
ചെല്ലപ്പൂങ്കാറ്റോടി നടക്കവേ...
പടിക്കലൊരു നിഴലാട്ടം കണ്ട മാത്രയില്‍
നീയാണതെന്നു ഞാന്‍ മോഹിച്ചു;
എന്‍ മനസ്സിന്‍ രാഗവായ്പ്പുകളറിയാതെ
നീയെങ്ങു പോയ് മറഞ്ഞിരിപ്പൂ?
മാമരത്തണലിലിരുന്നു ഞാന്‍ വീണ്ടും
നിന്നെക്കുറിച്ചോരോന്നോര്‍ക്കവേ,
എന്‍ മേനി തഴുകിയകന്നു പോയൊരാ-
ക്കാറ്റിന്‍ കരമെത്ര മൃദുലം!
ചെല്ലചെറുങ്കാറ്റിലാടി നില്‍ക്കും പൂ-
ചിരിച്ചതും നിന്നെയോര്‍ത്തോ?
ആത്മാവിന്‍ കൊമ്പിലിരുന്ന കിളി
ചിലച്ചതും നിന്നെയോര്‍ത്തോ?
നിന്നോര്‍മകളില്‍ മുഴുകി ഞാനിരിക്കവേ
നീയെന്‍ മുന്നില്‍ വന്നണഞ്ഞു;
നിന്‍ മോഹനരൂപം കണ്ടൊരു നിമിഷ-
മെന്‍ ഹൃദയം തുടികൊട്ടിപ്പാടിയോ!
നിന്‍ കണ്‍കളില്‍ കണ്ടൊരു സ്നേഹധാര-
യെന്നുള്ളില്‍ പാട്ടായ് വിടര്‍ന്നു;
ആ നാദലയത്തില്‍ നാമൊന്നായൊഴുകിയാ -
സ്നേഹസാഗരത്തിലലിഞ്ഞമര്‍ന്നു...
No comments:
Post a Comment