"അമ്മ"
"അമ്മ"
അമ്മയെക്കുറിച്ചെന്തു പാടണം ഞാന്‍;
എത്ര പാടിയാലുമമ്മ തന് സ്നേഹ-
വാത്സല്യങ്ങള്‍ക്കു പകരമായീടുമോ???
അമ്മിഞ്ഞപ്പാലിന് മാധുര്യം ആദ്യമായ്
നുണഞ്ഞതെന്നാണെന്നോര്മ്മയില്ല ,
എങ്കിലുമാ മധുരമിപ്പോഴും ഞാനറിവൂ...
താരാട്ടു പാടിയമ്മയെന്നെയുറക്കിയതെത്ര
രാവുകളെന്നെനിയ്ക്കറിയില്ല;എങ്കിലുമാ
താരാട്ടിന്നീണങ്ങള്‍ ഇന്നും ഞാന്‍ കേള്‍പ്പൂ
പിച്ചവെച്ചിടറിയിടറി വീണതെത്ര നാളെ-
ന്നോര്ക്കുന്നില്ല ഞാനിപ്പോള്‍; ഓടി വന്ന-
മ്മയെന്നെ വാരിപ്പുണര്ന്നതോര്ക്കുന്നു ഞാന്‍!
അക്ഷര നക്ഷത്രങ്ങള്‍ മനസ്സില്‍ മിന്നിയതെ-
ന്നോര്മ്മയെനിക്കില്ല; അമ്മയോതിത്തന്നോ-
രക്ഷരങ്ങളാണെനിയ്ക്കിന്നു കൂട്ടുകാര്‍!
ജീവിത യാത്രയില്‍ പകച്ചു നിന്നതെത്രവട്ടമെ-
ന്നൊട്ടുമോര്മ്മയെനിക്കില്ലയിപ്പോള്; കൈ പിടി-
ച്ചെന്നെനയിച്ചതമ്മയെന്നോര്ക്കുന്നു ഞാന്‍!
അജ്ഞാതമാമിടങ്ങളിലും, അജ്ഞാതരാ-
യൊരുപറ്റമാള്ക്കാര്ക്കിടയിലും, അദൃശ്യമാ-
യെന്‍ കൂടെയുണ്ടായിരുന്നതെന്നമ്മ മാത്രം!
ഹൃദയം നൊന്തു ഞാനെത്ര കരഞ്ഞുവെന്നെനി-
യ്ക്കൊന്നുമറിയില്ല; അമ്മ തന് സ്നേഹമൊരു
മരുന്നായെന്നെ തഴുകിയെത്തിയതറിഞ്ഞു ഞാന്‍...
എന്റെയോരോ ശ്വാസത്തിലുമുണ്ടെന് അമ്മ
തന് സാമിപ്യം; അമ്മയാം സ്നേഹാലയമില്ലാ-
തിരുന്നെങ്കില്‍ എന്‍ ജീവിതമെത്ര ശൂന്യം!
ഇന്നു ഞാനറിയുന്നെന്‍ അമ്മ തന് സ്നേഹ-
വാത്സല്യങ്ങള്‍, എന്‍ ജീവന്നാധാരമായ്
വര്ത്തിക്കുന്നതെന് അമ്മയാം സ്നേഹാംബരം!!!

Comments
സ്നേഹപൂര്‍വ്വം..
രൂപ
Love, Love and love and more love that's mom.
Mothers are love personified!!!
Thanks!!! Yes, Amma ennu parayumbol tanne manassu kulirum...
നല്ല വരികൾ