Wednesday, November 23, 2011

"അമ്മ"

"അമ്മ"

അമ്മയെക്കുറിച്ചെന്തു പാടണം ഞാന്‍;
എത്ര പാടിയാലുമമ്മ തന്‍ സ്നേഹ-
വാത്സല്യങ്ങള്‍ക്കു പകരമായീടുമോ???

അമ്മിഞ്ഞപ്പാലിന്‍ മാധുര്യം ആദ്യമായ്
നുണഞ്ഞതെന്നാണെന്നോര്‍മ്മയില്ല ,
എങ്കിലുമാ മധുരമിപ്പോഴും ഞാനറിവൂ...

താരാട്ടു പാടിയമ്മയെന്നെയുറക്കിയതെത്ര 
രാവുകളെന്നെനിയ്ക്കറിയില്ല;എങ്കിലുമാ  
താരാട്ടിന്നീണങ്ങള്‍ ഇന്നും ഞാന്‍ കേള്‍പ്പൂ  

പിച്ചവെച്ചിടറിയിടറി വീണതെത്ര നാളെ-
ന്നോര്‍ക്കുന്നില്ല ഞാനിപ്പോള്‍; ഓടി വന്ന-
മ്മയെന്നെ വാരിപ്പുണര്‍ന്നതോര്‍ക്കുന്നു ഞാന്‍!

അക്ഷര നക്ഷത്രങ്ങള്‍ മനസ്സില്‍ മിന്നിയതെ-
ന്നോര്‍മ്മയെനിക്കില്ല; അമ്മയോതിത്തന്നോ-
രക്ഷരങ്ങളാണെനിയ്ക്കിന്നു കൂട്ടുകാര്‍!

ജീവിത യാത്രയില്‍ പകച്ചു നിന്നതെത്രവട്ടമെ-
ന്നൊട്ടുമോര്‍മ്മയെനിക്കില്ലയിപ്പോള്‍; കൈ പിടി-
ച്ചെന്നെനയിച്ചതമ്മയെന്നോര്‍ക്കുന്നു ഞാന്‍!

അജ്ഞാതമാമിടങ്ങളിലും, അജ്ഞാതരാ-
യൊരുപറ്റമാള്‍ക്കാര്‍ക്കിടയിലും, അദൃശ്യമാ-
യെന്‍ കൂടെയുണ്ടായിരുന്നതെന്നമ്മ മാത്രം!

ഹൃദയം നൊന്തു  ഞാനെത്ര കരഞ്ഞുവെന്നെനി-
യ്ക്കൊന്നുമറിയില്ല; അമ്മ തന്‍ സ്നേഹമൊരു
മരുന്നായെന്നെ തഴുകിയെത്തിയതറിഞ്ഞു ഞാന്‍...

എന്റെയോരോ ശ്വാസത്തിലുമുണ്ടെന്‍ അമ്മ
തന്‍ സാമിപ്യം; അമ്മയാം സ്നേഹാലയമില്ലാ-
തിരുന്നെങ്കില്‍ എന്‍ ജീവിതമെത്ര ശൂന്യം!

ഇന്നു ഞാനറിയുന്നെന്‍ അമ്മ തന്‍ സ്നേഹ-
വാത്സല്യങ്ങള്‍, എന്‍ ജീവന്നാധാരമായ് 
വര്‍ത്തിക്കുന്നതെന്‍ അമ്മയാം സ്നേഹാംബരം!!!