പോട്ടില്ലയെന്നും, ഏറെക്കാലമായ് മേവീടുമോ-
രണക്കെട്ടിനെ ചൊല്ലിയിപ്പോള്‍ കേള്‍ക്കുന്നു
ബഹു വാദ- പ്രതിവാദങ്ങളെനിയ്ക്കു ചുറ്റും!
ജീവസ്വമായ് വാഴുമൊരു ജലകണങ്ങള്‍
ജീവനെടുക്കുവാനലറിപ്പാഞ്ഞു വരുന്ന
ഭീകര ദൃശ്യങ്ങളാം ദു:സ്വപ്‌നങ്ങള്‍ കണ്ടു
നടുങ്ങുന്നൊരു ജനത ദിനരാത്രങ്ങളിലിപ്പോള്‍ !
ഭീതി തന്‍ അലയടികളൊരു കൂറ്റന്‍
തിരയായൊഴുകിയെന്‍ നാടിനെയാകെ
താഴ്ത്തീടവേ, സാന്ത്വനത്തിന്‍ ചെറുതോണി
പോലുമാരുമിപ്പോള്‍ തുഴഞ്ഞിടാത്തതെന്തേ?
വേണം പുതിയൊരു തടയണ,യതല്ല,
വേണ്ട,യിനിയുമൊരെണ്ണമെന്നുമിപ്പോള്‍
തമ്മില്‍ തല്ലി,യാക്രോശിച്ചന്യോന്യം
അഹോരാത്രങ്ങളെത്തള്ളുന്നു ചിലര്‍!
സ്വന്തം മണ്ണിന്നവകാശമൊരുനാള്‍
തീറെഴുതിയന്യന്നു സമര്‍പ്പിച്ച നേരം,
ഓര്‍ത്തതില്ല നാമൊരുന്നാളീവണ്ണമതു
നമ്മള്‍ തന്‍ ജീവന്നു ഭീഷണിയാമെന്നും...
സ്വച്ഛന്ദമൊഴുകുമോരാറിനെയന്നങ്ങു
തടഞ്ഞനേരവുമറിഞ്ഞീല നാമൊട്ടും;
പടു കൂറ്റനൊരു വെള്ളപ്പാച്ചിലിലൊലി-
ച്ചൊഴുകിയൊടുങ്ങീടാം ജീവിതങ്ങളെന്നും
ഭൂമിയൊന്നു പതുക്കെ ചലിച്ചാലുള്ളിനുള്ളില്‍
മുഴങ്ങുന്നു ഭീതി തന്‍ കാഹള സ്വനങ്ങള്‍!
എന്തിനി ചെയ്തീടേണ,മെന്നേതുമറിയാതെ-
യുഴയുന്നനേകായിരം ജീവിതങ്ങളെങ്ങു പോകാന്‍?
അധികാരത്തിന്‍ സപ്രമഞ്ചലില്‍ കിടന്നാ-
നന്ദിക്കും നാടുവാഴിത്തമ്പുരാക്കളെ, നിങ്ങള-
റിയുന്നുവോ നിസ്സഹായത തന്‍ കയത്തില്‍
മുങ്ങുമീ പാവം പ്രജകള്‍ തന്‍ ദീന രോദനങ്ങള്‍???
കണ്‍ തുറക്കുവാനിനിയും താമസമെന്നാകില്‍
കണ്‍ മുന്‍പില്‍ ശേഷിപ്പതും, കാതില്‍ മുഴങ്ങുന്ന-
തുമെന്നു,മൊരു പാവം ജനത തന്‍ മരണരോദന-
ങ്ങളായീടുമെന്ന ഭീകര സത്യമറിഞ്ഞീടുക നിങ്ങള്‍!!!

